കലയുടെ വിസ്മയം തീർത്ത് തപസ്യ ആർട്ട്സിന്റെ 'സമന്വയം'

സ്വന്തം ലേഖകൻ|US

Oct 19, 2023 02:15:44 AM

News image

സമന്വയം വേദിയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുന്നു | Photo: Thapasya Arts, SF

സാൻ ഫ്രാൻസിസ്കോ: കലയുടെ വിസ്മയം തീർത്ത് തപസ്യ ആർട്ട്സിന്റെ 'സമന്വയം' രാഗതാളലയങ്ങൾ  വർണ്ണവിസ്മയങ്ങൾ തീർത്ത രാവിൽ, ആസ്വാദക മനസ്സുകളിൽ ഉൾപുളകത്തിന്റെ മഞ്ജീരധ്വനികൾ ഉയർത്തി തപസ്യ ആർട്ട്സ് സാൻ ഫ്രാൻസിസ്കോ അരങ്ങിലെത്തിച്ച ‘സമന്വയം’ ആർട്ട് ഫെസ്റ്റിവൽ കൊടിയിറങ്ങി. 2023  സെപ്റ്റംബർ 30 ന്,  ബേ ഏരിയയിലെ വുഡ്സൈഡ് ആർട്ട്സ് തിയേറ്ററിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തെ കലയുടെ മാസ്മരിക ലോകത്തേക്ക് ആനയിക്കുന്ന വ്യത്യസ്ത വിഭവങ്ങൾ കൃത്യമായ രീതിയിൽ സമന്വയിപ്പിച്ച് അരങ്ങിലെത്തിച്ചപ്പോൾ 'സമന്വയം' തപസ്യ ആർട്ട്സ് വിഭാവനം ചെയ്തതുപോലെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം പകരുന്ന കലയുടെ ഉത്സവമായി അക്ഷരാർത്ഥത്തിൽ മാറുകയായിരുന്നു. പഞ്ചാരിയുടെ മേളപ്പെരുക്കവും, ശുദ്ധസംഗീതത്തിന്റെ രാഗതാളവിന്യാസങ്ങളും മോഹിനിയാട്ടവും ഭരതനാട്യവും തീർത്ത ലയലാസ്യഭാവങ്ങളും, സർവ്വോപരി കഥകളിയെന്ന കേരളത്തിന്റെ തനതുകല തീർത്ത തൗര്യത്രികവും  'സമന്വയ'ത്തെ പ്രേക്ഷക സമൂഹത്തിന് മുന്നിൽ ഒരു നവ്യാനുഭവമാക്കി മാറ്റി.

 

പ്രശസ്ത നർത്തകി ഗുരു കാതറീൻ കുഞ്ഞുരാമൻ, നടനും സാഹിത്യകാരനുമായ ശ്രീ തമ്പി ആന്റണി, ചലച്ചിത്രസംവിധായകൻ ശ്രീ പ്രകാശ് ബാരെ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് കലയുടെ ഉത്സവത്തിന് തിരശ്ശീല ഉയർന്നത്. വിവിധ കലകളുടെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം പുലർത്തുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉദ്ഘാടനവേദിയെ പ്രൗഢമാക്കി. തപസ്യ ആർട്ട്സ് അവരെ ആദരപൂർവ്വം സ്വീകരിച്ചു. കലോത്സവത്തിന്റെ സംവിധായകൻ അനിൽ നായർ സ്വാഗതമാശംസിക്കുകയും തപസ്യ ആർട്ട്സ് പ്രസിഡന്റ് മധു മുകുന്ദൻ ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. സമന്വയം കേവലം ഒരു വേദിയിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും കൃത്യമായ ഇടവേളകളിൽ കലാരൂപങ്ങളെ കോർത്തിണക്കി തപസ്യ ആർട്ട്സ് അരങ്ങിലെത്തിക്കുന്ന കലോത്സവങ്ങളുടെ തുടക്കമാണെന്നും മധു ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു. 

സിലിക്കൺ വാലി വാദ്യസംഘം അവതരിപ്പിച്ച പഞ്ചാരി മേളത്തോടെയാണ് 'സമന്വയം' സമാരംഭിച്ചത്. ഗുരു കലാമണ്ഡലം ശിവദാസിന്റെ സാന്നിധ്യത്തിൽ ശ്രീമതി ആശ മനോജ് നയിച്ച വാദ്യസംഘം, പഞ്ചാരിയുടെ അഞ്ചാം കാലം കൊട്ടിക്കയറിയപ്പോൾ സദസ്സ് ആ താളലയത്തിൽ അലിഞ്ഞു ചേർന്നു.


തുടർന്ന് ശ്രീ ജയ് നായർ, ശ്രീമതി അപർണ്ണ വിജയ് എന്നിവർ നേതൃത്വം കൊടുത്ത സംഗീതപരിപാടിയായിരുന്നു അരങ്ങിലെത്തിയത്. മലയാളത്തിലെ തിരഞ്ഞെടുത്ത സെമിക്ലാസ്സിക്കൽ ഗാനങ്ങൾ ഉൾപ്പെടുത്തി, ബേ ഏരിയായിലെ കലാകാരന്മാരൊരുക്കിയ അകമ്പടിയോടെ അവർ അവതരിപ്പിച്ച ഗാനമേള സദസ്സിന് പകർന്നത് വ്യത്യസ്തമായ ശ്രവ്യാനുഭവമായിരുന്നു. 
ഗാനമേളക്ക് ശേഷം വിവിധയിനം നൃത്തരൂപങ്ങൾ വേദിയിലെത്തി. ഗുരു പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടേയും ഡോ. നീനാ പ്രസാദിന്റേയും ശിഷ്യയും ബേ ഏരിയയ്ക്ക് സുപരിചിതയുമായ ശ്രീമതി ഭൈരവി നെടുങ്ങാടി അവതരിപ്പിച്ച മോഹിനിയാട്ടം ചൊൽകെട്ട് ആയിരുന്നു ആദ്യയിനം.  ചൊല്ലുകളുടെ സാഹിത്യഭംഗിയും ലയലാസ്യഭാവങ്ങളൂടെ വശ്യതയും സമന്വയിപ്പിച്ച് മോഹിനിയാട്ടം രംഗത്ത് നിറഞ്ഞനിന്നപ്പോൾ സദസ്യർക്ക് അത് അവാച്യമായ അനുഭവമായിത്തീർന്നു. തന്റെ നേതൃത്വത്തിലുള്ള ശ്രീപദ്മം സ്കൂൾ ഓഫ് ഡാൻസിലെ മോഹിനിയാട്ട നർത്തകികൾക്കൊപ്പം അതിമനോഹരമായ തില്ലാനയും അവതരിപ്പിച്ചാണ് ഭൈരവി വേദിയിൽ നിന്ന് വിടവാങ്ങിയത്.  ശ്രീമതി റാണി സുനിൽ നേതൃത്വം കൊടുക്കുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ നർത്തകികൾ അവതരിപ്പിച്ച ഭരതനാട്യമായിരുന്നു പിന്നീട് അരങ്ങിലെത്തിയത്. യുവനർത്തകികൾ ഭരതനാട്യത്തിന്റെ ചടുല താളങ്ങൾക്കൊപ്പം അവതരിപ്പിച്ച ദേവീകീർത്തനം പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ നർത്തകികൾ അവതർപ്പിച്ച 'തായേ യശോദ' എന്നയിനവും പ്രേക്ഷകരെ ആകർഷിക്കുന്നതായിരുന്നു.സമന്വയം  വേദിയെ ധന്യമാക്കുന്ന മാസ്മരിക പ്രകടനമാണ് ശ്രീമതി ബിന്ദു പ്രതാപിന്റെ നേതൃത്വത്തിലുള്ള നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച 'കൃഷ്ണ' എന്ന മോഹിനിയാട്ട നൃത്തശില്പം. ബേ ഏരിയയ്ക്ക് സുപരിചിതരായ ബിന്ദുവും മകൾ ആതിരയും മറ്റ് നർത്തകിമാരും ഒത്ത് ചേർന്ന് മോഹിനിയാട്ടത്തിന്റെ ഭാവതാളലയലാസ്യ രംഗങ്ങളിൽ തീർത്ത ഈ നൃത്തശില്പം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു. 

 

ആദ്യഭാഗത്തിലെ കലാരൂപങ്ങൾ പ്രേക്ഷകർക്ക് നൽകിയ അവാച്യമായ അനുഭൂതി, കേവലം ഒരു തുടക്കം  മാത്രമായിരുന്നു. ഇടവേള സമയത്ത് വേദിക്ക് പുറത്ത് കഥകളിയുടെ കേളികൊട്ട് ഉയർന്നപ്പോൾ തന്നെ തുടർന്ന് അരങ്ങിലെത്തുന്ന കലാകാരന്മാരുടെ വൈദഗ്ധ്യം പ്രേക്ഷകർ തിരിച്ചറിഞ്ഞിരുന്നു. കഥകളിയെന്ന കലാരൂപത്തിന്റെ പ്രൗഢഗംഭീരമായ അവതരണമായിരുന്നു പിന്നീട് നടന്നത്. കർണ്ണശപഥം ആയിരുന്നു കഥ. കർണ്ണനായെത്തിയ കലാമണ്ഡലം മനോജിന്റെ നേതൃത്വത്തിലുള്ള സംഘം  മിഴിവാർന്ന പ്രകടനത്തോടെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു. 'കാതര വിലോചനേ' യിൽ തുടങ്ങി സദനം ശിവദാസും സദനം ജ്യോതിഷ് ബാബുവും കർണ്ണശപഥത്തിലെ സുന്ദരവും ലളിതവുമായ പദങ്ങൾ അവതരിപ്പിച്ചപ്പോൾ കഥകളി സംഗീതമൊരുക്കിയ ആനന്ദ സാഗരത്തിലൂടെ ആറാടുകയായിരുന്നു പ്രേക്ഷകർ. അതിനു മാറ്റ് കൂട്ടൂന്ന മേളമൊരുക്കി കലാമണ്ഡലം ശിവദാസ് ആശാനും സദനം ദേവദാസ്(കുട്ടൻ) ആശാനും രംഗം നിറഞ്ഞു. കഥകളി സംഗീതത്തിന്റെ ശ്രവ്യഭംഗി സദസ്യരിൽ ചിലർ ആദ്യമായി തിരിച്ചറിയുകയായിരുന്നു.  ദുര്യോധന വേഷത്തിൽ കലാമണ്ഡലം അബിൻ ബാബുവിന്റെ തിരനോക്ക് ഗംഭീരതുടക്കമാണ് കഥകളിക്ക് നൽകിയത്. ഭാനുമതിയായി എത്തി അതീവസുന്ദരമായ അഭിനയം കാഴ്ചവെച്ച  ബേ ഏരിയയിലെ യുവകലാകാരി ജാഹ്നവി പിള്ളയോടൊപ്പം ആദ്യരംഗങ്ങൾ ആകർഷകമാക്കാൻ അബിനു സാധിച്ചു. പിന്നീട് കർണ്ണനായി കലാമണ്ഡലം മനോജ് രംഗത്ത് നിറഞ്ഞാടുകയായിരുന്നു. സദസ്സിനെ അമ്പരപ്പിക്കുന്നതായിരുന്നു ദുശ്ശാസനവേഷത്തിലെത്തിയ ജിഷ്ണു നമ്പൂതിരിപ്പാടിന്റെ പ്രകടനം. ഗംഭീരമായ ആ ചുവന്ന താടി വേഷവും അലർച്ചയും ചടുലമായ ചുവടുവെപ്പുകളും അഭിനയവും പ്രേക്ഷകരെ സ്തബ്ധരാക്കി.

 

എന്നാൽ കഥകളിയിൽ പ്രേക്ഷകരെ അതിവൈകാരികമായ മുഹൂർത്തങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്ന പ്രകടനമാണ് പിന്നീട് അരങ്ങേറിയത്. യുദ്ധാരംഭത്തിനു മുൻപ് ഗംഗാതീരത്ത് ധ്യാനത്തിൽ മുഴുകുന്ന കർണ്ണൻ, അതോടൊപ്പം 'എന്തിഹ മൻ മാനസേ' എന്ന പദവും നിറഞ്ഞ സദസ്സിനെ നിശ്ശബ്ദരാക്കി. ആ രംഗത്തിലേക്കാണ് കുന്തിയായി ബേ ഏരിയായിലെ മലയാളികളുടെ സുഹൃത്തായ ശ്രീമതി രോഷ്ണി പിള്ള എത്തുന്നത്. കഥകളിയിലെ തന്റെ പ്രാവീണ്യം തെളിയിക്കുന്ന പ്രകടനമാണ് രോഷ്നി കാഴ്ച വെച്ചത്. കുന്തിയും കർണ്ണനും കണ്ടുമുട്ടുന്ന രംഗം മുതൽ, മകന് ആദ്യമായി ശിരസ്സിൽ മുത്തം നൽകി, അവനെ മടിയിൽ കിടത്തി, തന്റെ കൈയ്യാൽ അവന് ഗംഗാജലം പകരുന്ന കുന്തിയും അതിയായ വേദനയോടെയും ആത്മസംഘർഷത്തോടെയും അമ്മയെ യാത്രയാക്കുന്ന കർണ്ണനും രംഗത്ത് നിറഞ്ഞപ്പോൾ, അശ്രുപൂർണ്ണമായ നേത്രങ്ങളോടെ മാത്രമേ പ്രേക്ഷകർക്ക് ആ രംഗത്തിന് സാക്ഷിയാകാൻ സാധിച്ചുള്ളൂ. തൂടർന്ന് ദുര്യോധനന്റെ മുന്നിലെത്തുന്ന കർണ്ണൻ വീരസ്വർഗ്ഗത്തിൽ തന്റെ ആത്മസുഹൃത്തായ ദുര്യോധനന് മുൻപേ താനെത്തിയിരിക്കുമെന്ന് ശപഥം ചെയ്യുന്നു, പിന്നീട് ദുശ്ശാസനനോടൊപ്പം മൂവരും ചേർന്ന് പടപുറപ്പാട് നടത്തുന്നതോടെ കർണ്ണശപഥം കഥകളിക്ക് തിരശ്ശീല വീണൂ. പിന്നണിയിൽ ചുക്കാൻ പിടിച്ച ശ്രീ കലാമണ്ഡലം സതീഷിന്റെ കലാവൈഭവം വിളിച്ചോതുന്നതായിരുന്നു എല്ലാ വേഷങ്ങളും. അതിരാവിലെ മുതൽ ചുട്ടികുത്തൽ തുടങ്ങിയ സതീഷ്, അണിയിച്ചൊരുക്കിയ വേഷങ്ങളെല്ലാം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. 


നാനൂറില്പരം കാണികൾ തിങ്ങിനിറഞ്ഞ വേദി കഥകളിയുടെ ചരിത്രത്തിൽ വിരളമാവും. ആ സദസ്സ്യർ മുഴുവൻ എഴുന്നേറ്റ് നിന്ന് നിറഞ്ഞകൈയ്യടിയോടെയാണ് കഥകളി കലാകാരന്മാരെ അഭിനന്ദിച്ചത്. ആ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, തപസ്യ ആർട്ട്സ് കഥകളി കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. 

കഥകളിയുടെ തുടക്കത്തിൽ ഉമേഷ് നരേന്ദ്രൻ കഥാസംഗ്രഹം പറഞ്ഞുകൊടുത്തതും കഥകളിയുടെ ആദ്യാവസാനം പദങ്ങളുടെയും ആട്ടത്തിന്റെയും അർത്ഥങ്ങൾ സൈഡ് സ്ക്രീനിൽ പ്രദർശിപ്പിച്ചതും, ഈ കലാരൂപത്തെ അടുത്തറിയുവാൻ സഹായകമായി. കഥയറിഞ്ഞ് ആട്ടം കണ്ടതിന്റെ നിർവൃതിയിൽ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സമന്വയം വേദിയിൽ നിന്ന് വിടവാങ്ങി. തപസ്യ ആർട്ട്സ് സെക്രട്ടറി സജീവ് പിള്ളയുടെ നന്ദി പ്രകടനത്തോടെ സമന്വയത്തിന് പര്യവസാനമായി.

 

തപസ്യ ആർട്ട്സിന്റെ ബോർഡംഗങ്ങളുടെയും പ്രവർത്തകരുടെയും ആത്മാർഥമായ പ്രയത്നത്തിന്റെ പരിണിതഫലമായിരുന്നു സമന്വയത്തിന്റെ വൻ വിജയം. ബേ ഏരിയയിലെ കലാകാരന്മാരെ അവർ അർഹിക്കുന്ന ആദരവോടെ വേദിയിലെത്തിക്കുന്നതിനും, കഥകളി കലാകാരന്മാർക്ക് അവരുടെ സ്നേഹം പിടിച്ചുപറ്റുന്ന രീതിയിൽ ആതിഥ്യമേകാനും പ്രവർത്തകർ മുൻഗണനകൊടുത്തിരുന്നു. അതിനുതകുന്ന രീതിയിൽ കലാകാരന്മാർ ആത്മസമർപ്പണം ചെയ്തപ്പോൾ സമന്വയം കലയുടെ ഉത്സവമായി മാറി. തപസ്യ ആർട്ട്സിന്റെ ശിരസ്സിൽ ഒരു പൊൻതൂവലായ് സമന്വയം-2023 കൊടിയിറങ്ങുമ്പോൾ, ഇതിലും മികച്ച രീതിയിൽ എത്തുന്ന സമന്വയത്തിന്റെ അടുത്ത പതിപ്പിന്റെ കാത്തിരിപ്പിലാണ് പ്രവർത്തകരും കലാകാരന്മാരും, ബേ ഏരിയയിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരും.

 

ലേഖകൻ: മധു മുകുന്ദൻ

More News in Us

News image
News image