Gulf Latest News

അബുദാബി∙ പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 3.2 മില്ല്യൻ ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണു പ്രസിഡന്റ് ചിത്രം പങ്കുവച്ചത്. പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധിദിനങ്ങൾ ചിലവഴിക്കാൻ പറ്റുന്നത് അനുഗ്രഹമാണെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും നേരുന്നതായും കുറിപ്പിലുണ്ട്.

ചിത്രത്തിനു മകിച്ച സ്വീകരണമാണു ലഭിക്കുന്നത്. നിരവധി പേരാണ് ആശംസകള്‍ നേർന്നും സ്നേഹം പങ്കുവച്ചും കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പെരുന്നാളിനു തന്റെ കൊച്ചുമക്കളോടൊപ്പമുള്ള ചിത്രം പ്രസിഡന്റ് പങ്കുവച്ചിരുന്നു. എമിറേറ്റുകളിലെ ഭരണാധികാരികളെയും യുഎഇ നിവാസികളെയും ലോകത്തെമ്പാടുമുള്ള മുസ്‍ലിംകളെയും അഭിനന്ദിച്ചുകൊണ്ടു ട്വിറ്ററിലൂടെയും പെരുന്നാൾ ദിനത്തിൽ പ്രസി‍ഡന്റ് ആശംസകൾ നേര്‍ന്നു. സമാധാനം നിറഞ്ഞ ജീവിതം ലോകത്തുള്ള എല്ലാവർക്കും നൽകണെമെന്നു ദൈവത്തോട് പ്രാർഥിക്കുന്നതായും സന്ദേശത്തിലുണ്ട്.

ദോഹ ∙ ലോകോത്തര ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടങ്ങള്‍ക്ക് വേദിയായ കാല്‍പന്തിന്റെ കളിമൈതാനമായ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം  ആയിരക്കണക്കിന് വിശ്വാസികള്‍ ഒന്നു ചേര്‍ന്നുള്ള ഈദ് നമസ്‌കാരത്തിനും സാക്ഷിയായി.

ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഇന്നലെ പുലര്‍ച്ചെ നടന്ന ഈദ് നമസ്‌കാരത്തിനാണ് വേദിയായത്. 15,000 ത്തോളം പേരാണ് ഈദ് പ്രാർഥനയ്ക്കായി എത്തിയത്. ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ഷെയ്ഖ മോസ ബിന്‍ത് നാസറും പ്രാർഥനയില്‍ പങ്കെടുത്തു.

‌കാല്‍പന്തുകളിയുടെ ആരവങ്ങള്‍ നിറഞ്ഞ, ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലിടം നേടിയ സ്റ്റേഡിയത്തില്‍ നിന്ന് പ്രാർഥന മന്ത്രങ്ങള്‍ ഉയര്‍ന്നത് പുതിയ ചരിത്രമായി മാറി. സ്റ്റേഡിയത്തിന്റെ പുല്‍മൈതാനം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പതിനായിരകണക്കിന് വിശ്വാസികളുടെ  പ്രാർഥനാ നിര്‍ഭരമായ ഈദ് നമസ്‌കാരത്തിന് വേദിയായി. ഫിഫ ലോകകപ്പ് സ്റ്റേഡിയം ഈദ് നമസ്‌കാരത്തിന് വേദിയാകുന്നതും ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ്.

ബഹ്റൈന് പിന്നാലെ ഖത്തറുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കാനൊരുങ്ങി യുഎഇയും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകൾ അന്തിമഘട്ടത്തിലാണ്. ജൂണിൽ ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാനാണ് ശ്രമം.

 

തീവ്ര ഇസ്ലാമിക സംഘടനകൾക്ക്‌ പിന്തുണ നൽകി എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച്, 2017ലാണ് യുഎഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. കര, നാവിക, വ്യോമബന്ധങ്ങൾ വിച്ഛേദിക്കുകയും അതിര്‍ത്തികൾ അടയ്ക്കുകയും ചെയ്തു. യുഎഇ വിമാനക്കമ്പനികൾ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തലാക്കി. പിന്നീട് 2021ല്‍ ഉപരോധം  അവസാനിപ്പിച്ച്, യാത്രാവ്യാപാരബന്ധങ്ങൾ പുനസ്ഥാപിച്ചെങ്കിലും നയതന്ത്രബന്ധം പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുട‍ർന്നു. സൗദിയിൽ  നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് പുതിയ നീക്കം. ജൂണ്‍ പകുതിയോടെ ഇരു രാജ്യങ്ങളിലും സ്ഥാനപതിയെ നിയമിച്ച് എംബസികള്‍ തുറക്കുതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ വ‍ർഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട് തുടങ്ങിയത്. ഫിഫ ലോകക്കപ്പിന് മുന്നോടിയായി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ദോഹ സന്ദർശിച്ചിരുന്നു. ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ യു.എഇ വൈസ് പ്രസിഡൻഡും ദുബായ് കിരീടാവകാശിയും പങ്കെടുത്തിരുന്നു.  കഴിഞ്ഞ ആഴ്ചയാണ്  ബഹ്റൈൻ ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ധാരണയായത്. 

Advertisement